ചാര്‍ ധാം യാത്ര: നിങ്ങള്‍ അറിയേണ്ടതെല്ലാം

0
3491
Malayalam Blog

ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന ഈ പുണ്യയാത്ര ദീര്‍ഘവും ക്ലേശകരവും അതേസമയംമോക്ഷദായകവുമാകുന്നു. ഹരിദ്വാര്‍ ആണ് ഏറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍ എന്നതിനാല്‍ ആളുകള്‍ യമുനോത്രിയിലേക്കാണ് ആദ്യം പോകുന്നത്. അവിടെ യമുനയിലെ പുണ്യസ്നാനത്തോടെ യാത്രയുടെ തുടക്കമാകുന്നു. ഇവിടെനിന്നും തീര്‍ത്ഥാടകര്‍ ഗംഗോത്രിയിലേക്കും അവിടെനിന്ന് കേദാര്‍നാഥിലേക്കും പിന്നീട് ബദരീനാഥിലേക്കും എത്തുന്നു.ഈ യാത്രാമാര്‍ഗത്തില്‍ ഉടനീളം വിവിധ പുണ്യക്ഷേത്രങ്ങളില്‍ അര്‍ച്ചനകള്‍ നടത്തി സ്വയം വിശുദ്ധി കൈവരിക്കുന്നതോടൊപ്പം തീര്‍ത്ഥാടകര്‍ ഹൃദയാവര്‍ജകമായ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്യുന്നു.

പുണ്യസ്ഥാനം 1: ഗംഗോത്രി

ഉത്തരകാശി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഗംഗോത്രി പ്രദേശം കുതിച്ചൊഴുകുന്ന ശുദ്ധജല അരുവികളാലും തഴച്ചുനില്‍ക്കുന്ന ഹരിതസസ്യങ്ങളാലും മനോഹരമാണ്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഇവിടെയാണ് ഗംഗയുടെ ഉത്ഭവം. ഗംഗോത്രിയില്‍നിന്നുള്ള ജലം ചാര്‍ ധാം യാത്രയിലെ അടുത്ത സ്ഥാനങ്ങളായ ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും കൊണ്ടുപോകുന്നു. ഇവിടെ ഗംഗോത്രി ക്ഷേത്രം, ഔഷധഗുണങ്ങളുള്ള ഗംഗ്‍നാനി എന്നറിയപ്പെടുന്ന ഗന്ധക നീരുറവ, ഗംഗാദേവി ആദ്യം ഭൂമിയിലേക്ക് പതിച്ച സ്ഥാനത്തെ ജലം മൂടിയ ശിവലിംഗം എന്നിവയും മറ്റ് പുണ്യസ്ഥാനങ്ങളുംനിങ്ങള്‍ സന്ദര്‍ശിക്കുന്നു

പുണ്യസ്ഥാനം 2: യമുനോത്രി

യമുനാദേവിയുടെ പേരിലാണ് ഈ പുണ്യനഗരം അറിയപ്പെടുന്നത്. ഇവിടെയുള്ള കാളിന്ദി പര്‍വതത്തിലെ ഒരു സ്ഥാനത്തുനിന്നാണ് യമുനാനദി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. യമുനോത്രിയിലെത്താന്‍ ജാനകിഛാട്ടി മുതല്‍ കുറച്ചുദൂരം കാല്‍നടയായി യാത്ര ചെയ്യണം. കാല്‍നടയാത്ര ഒഴിവാക്കണമെന്നുണ്ടെങ്കില്‍ കുതിരപ്പുറത്തോ പല്ലക്കിലോ യാത്ര ചെയ്യാം. ഇവയുടെ ചാര്‍ജ് ഏകദേശം 500- 1200 രൂപവരെ ആകുന്നു. ഇവിടത്തെ പ്രധാന ക്ഷേത്രം കൂടാതെ സൂര്യകുണ്ഡ്, സപ്തര്‍ഷി കുണ്ഡ്, കാല്‍നടയാത്രയുടെ കേന്ദ്രമായ ജാനകിഛാട്ട് എന്നിവയും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

പുണ്യസ്ഥാനം 3: കേദാര്‍നാഥ്

ഗുപ്തകാശിയിലെ രുദ്രപ്രയാഗില്‍നിന്നും 86 കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. മനോഹരങ്ങളായ പര്‍വതപാതകള്‍, മൈതാനങ്ങള്‍, ചുടു നീരുറവകള്‍, ഗാംഭീര്യമാര്‍ന്ന കൊടുമുടികള്‍ ഹരിതാഭയാര്‍ന്ന വനഭൂമികള്‍ എന്നിവ ആസ്വദിച്ചുകൊണ്ട് ഇതുവഴി യാത്ര ചെയ്യാം. ശിവന്‍റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടെയുള്ളതാണ്. ഇവിടെ നിങ്ങള്‍ക്ക് ഭൈരവ ക്ഷേത്രവും മഹാപന്ഥും സന്ദര്‍ശിക്കാം. സതോപന്ഥിന്‍റെ മുകളിലുള്ള മഹാപന്ഥ് സ്വര്‍ഗകവാടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിവിധ ജന്തുമൃഗാദികളാലും സസ്യജാലങ്ങളാലും സമ്പന്നമായ കേദാര്‍നാഥ് വന്യജീവി സംരക്ഷണകേന്ദ്രവും ഇവിടെയാണ്

കേദാര്‍നാഥ് സദര്‍ശനത്തിനുള്ള റജിസ്ട്രേഷന്‍: കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടിയുള്ള റജിസ്ട്രേഷന്‍ അനിവാര്യമാണ്. കൗണ്ടറില്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ റജിസ്ട്രേഷന്‍ ചെയ്യാം. അപ്പോള്‍ നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ട്രിപ് കാര്‍ഡ് യാത്രയില്‍ ഉടനീളം കൈവശം ഉണ്ടായിരിക്കണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്:ഗുപ്തകാശിയില്‍ അല്ലെങ്കില്‍ സോന്‍പ്രയാഗില്‍ ഉള്ള മെഡിക്കല്‍ സെന്‍ററുകളില്‍നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ ഈ യാത്ര അനുവദിക്കുകയുള്ളു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള കാല്‍നടയാത്ര അനുവദിക്കുകയില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വഴി കേദാര്‍നാഥില്‍ എത്താം.

പുണ്യസ്ഥാനം 4: ബദരീനാഥ്

ഗഢ്‍വാല്‍ ഹിമാലയ നിരകളുടെ നടുവില്‍ സ്ഥിതിചെയ്യുന്ന ഈ പുണ്യനഗരം സന്ദര്‍ശിക്കാന്‍ പ്രത്യേക അനുവാദം വേണം. ഈ ക്ഷേത്രത്തിലെത്താന്‍ ജോഷിമന്ഥില്‍നിന്ന് ഒരു കാര്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ (രാവിലെ 6-7 , 9-10, 11-12 എന്നീ സമയങ്ങളിലും ഉച്ചക്കുശേഷം 2-3, 4:30-5:30 എന്നീ സമയങ്ങളിലും) കാറുകള്‍ക്ക് ബദരീനാഥില്‍ പ്രവേശനമുള്ളു. എന്നാല്‍ ദര്‍ശനത്തിനായി ദീര്‍ഘനേരം ക്യൂവില്‍ കാത്തുനില്‍ക്കാന്‍ സാധിക്കുകയില്ലെങ്കില്‍ ഗേറ്റ് നമ്പര്‍ 3-ന് സമീപമുള്ള ടിക്കറ്റ് കൗണ്ടറില്‍നിന്നും വേദ് പഥ് പൂജയ്ക്കുള്ള ടിക്കറ്റ് വാങ്ങുക. ഒരാള്‍ക്ക് 2500 രൂപയാണ് ഇതിന്‍റെ ചാര്‍ജ്. ഇത് വാങ്ങിയാല്‍ 15മിനിറ്റുകൊണ്ട് ദര്‍ശനം നേടാം. അവസാനമായി ഒരു കാര്യം കൂടി. ഏപ്രില്‍ മുതല്‍ മേയ് വരെ മാത്രമേ ക്ഷേത്ര കവാടം തുറക്കുകയുള്ളു. നവമ്പര്‍ മുതല്‍ കവാടം അടച്ചിടും.

ഒരു സമ്പൂര്‍ണയാത്രയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ചാര്‍ ധാം യാത്രയില്‍ തീര്‍ച്ചയായും പങ്കുകൊള്ളേണ്ടതുതന്നെ. സാഹസികതയും മതാത്മകതയും പ്രകൃതിയുടെ മനോഹാരിതയും എല്ലാം ഒത്തുചേര്‍ന്ന ഈ യാത്ര ഒരു സവിശേഷ അനുഭവം തന്നെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here