പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട വടക്കു കിഴക്കൻ ഇന്ത്യ, സാംസ്‌കാരിക പാരമ്പര്യത്തിനും പേരു കേട്ടതാണ്. 63 നാഷണൽ പാർക്കുകളും വന്യജീവി സങ്കേതങ്ങളുമാണ് ഈ മേഖലയിലുള്ളത്.
ഇവയിൽ ചിലത് ചുവടെ കൊടുക്കുന്നു.
കെയ്ബുൾലംജാവോ നാഷണൽ പാർക്ക്, മണിപ്പൂർ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ലോക്ത് തടാകത്തിലുള്ള ഫ്‌ളോട്ടിങ് പാർക്ക്. മൈന, വാനമ്പാടി തുടങ്ങി നിരവധി സുന്ദര പക്ഷികളെ ഇവിടെ കാണാൻ കഴിയും. ഇംഫാലുമായും ഗുവാഹത്തിയുമായും മികച്ച ഗതാഗത ബന്ധമുള്ള സ്ഥലമാണിത്.
ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശിക്കാൻ മികച്ച സമയം.
പോബിത്തോറ വന്യജീവി സങ്കേതം, ആസാം: ആസാമിലെ മോറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോബിത്തോറ, ഗുവാഹത്തിയിൽ നിന്നും 30 കിലോമീറ്റർ കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളത് ഇവിടെയാണ്. കുരയ്ക്കുന്ന മാനുകൾ, പുലി, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയും ഇവിടെ ധാരാളം കാണാം.
ഫെബ്രുവരി മുതൽ മെയ് വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം.
ബാൽഫക്രം നാഷണൽ പാർക്ക്, മേഘാലയ: മാർബിൾഡ് ക്യാറ്റ്, റെഡ് പാണ്ട, കടുവ, കുരയ്ക്കും മാനുകൾ, വൈൽഡ് വാട്ടർ ബഫല്ലോ എന്നിവയുടെ കേന്ദ്രം. ഷില്ലോങിലേക്ക് മികച്ച ഗതാഗതബന്ധം.
സന്ദർശനം – ഫെബ്രുവരി മുതൽ ജൂൺ വരെ.
ഫാവൻഗുപുയി നാഷണൽ പാർക്ക്, മിസോറം: ബർമയോട് ചേർന്ന് ബ്ലൂ മൗണ്ടൻ ഓഫ് മിസോറം എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫാവൻഗുപുയി ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ അകലെയാണ്. പുലി, സെറോ, മലയാട്, ലാംഗുർ, ഏഷ്യൻ കരടി, അപൂർവ പക്ഷികൾ എന്നിവയെല്ലാം ഇവിടെ കണ്ടെത്താം. സിൽച്ചാർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് എളുപ്പമെത്താം.
നവംബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശനത്തിന് പറ്റിയ സമയം.
നാതംഗി നാഷണൽ പാർക്ക്, നാഗാലാൻഡ്: നാഗാലാൻഡിലെ പരേൻ ജില്ലയിലാണ് നാതംഗി നാഷണൽ പാർക്ക്. ദിമാപൂരാണ് തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ. ഹുലോക്ക് ഗിബൺ, ഗോൾഡൻ ലാംഗുർ, വേഴാമ്പൽ, തേൻ കരടി, മോണിറ്റർ ലിസാഡ്, ബ്ലാക്ക് സ്റ്റോർക്ക് എന്നിവയെ ഇവിടെ കാണാം. നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർശനത്തിന് പറ്റിയ സമയം.
തൃഷ്ണ വന്യജീവി സങ്കേതം, ത്രിപുര: അപൂർവങ്ങളായ വൃക്ഷങ്ങൾ, മാനുകൾ, ഹോലോക്ക് ജിബൺ, ഗോൾഡൻ ലാംഗുർ, ക്രാപ്പ്ഡ് ലാംഗുർ, ഫീസന്റ് തുടങ്ങിയവയുടെ കേന്ദ്രം.