ഇന്ത്യയിലെ ബീച്ചുകള്‍ വെറും മണല്‍പരപ്പിന്‍റേയും കടലിന്‍റേയും ഒരു കൂടിച്ചേരല്‍ മാത്രമല്ല. ചിലപ്പോള്‍ അവിടം ചാറ്റ്, കളിപ്പാട്ടങ്ങള്‍, കരിമ്പിന്‍ ജൂസ് വില്‍പനക്കാരെക്കൊണ്ട് നിറഞ്ഞവയായിരിക്കും. ചില ബീച്ചുകള്‍ തെളിഞ്ഞ ജലവും കേരവൃക്ഷങ്ങളും കൊണ്ട് ആകര്‍ഷകമായിരിക്കും. മറ്റുചിലവയാകട്ടെ, സാഹസിക വാട്ടര്‍സ്പോര്‍ട്ട്സിന് പേരുകേട്ടവയും. എന്നാല്‍ നിങ്ങള്‍ പുതുമയും നവീനത്വവുമാണ് തേടുന്നതെങ്കില്‍ ദാമനിലേക്കും ദിയുവിലേക്കും തന്നെയാകട്ടെ നിങ്ങളുടെ യാത്ര.
ദാമനിലെ ഏറ്റവും മികച്ച ബീച്ചുകള്‍
ദേവ്ക ബീച്ച്
വളരെ നീണ്ടുകിടക്കുന്ന ഈ കടല്‍ത്തീരം കുടുംബത്തോടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. പാറക്കെട്ടുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ ദേവ്ക ബീച്ചില്‍ എല്ലായിടത്തും നീന്തല്‍ അനുവദനീയമാണ്.ഇവിടെയുള്ള അമ്യൂസ്മെന്‍റ് പാര്‍ക്ക് വിനോദത്തിന് മാറ്റുകൂട്ടുന്നു. പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് വലിയൊരു ആകര്‍ഷണം തന്നെയാണ്.കാപ്പിയും നുണഞ്ഞ് പൊരിച്ച മീനും രുചിച്ച് കടല്‍ കാഴ്ചയും രസിച്ച് ഉല്ലാസകരമായി സമയം ചെലവിടാന്‍ ദേവ്ക ബീച്ച് തികച്ചും പറ്റിയതുതന്നെ.
സൂചന: ഈ കടല്‍ത്തീരത്ത് സുവര്‍ണ മണല്‍ത്തരികളല്ല, കറുത്ത മണ്ണാണ് നിറഞ്ഞുകിടക്കുന്നത്.
ജംബോര്‍ ബീച്ച്
ദേവ്ക ബോച്ചില്‍നിന്നും വ്യത്യസ്തവും സവിശേഷവുമായ ആകര്‍ഷകത്വമാണ് ജംബോര്‍ ബീച്ചിനുള്ളത്. ദാമന്‍റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ബീച്ച് സ്കീയിംഗിന് ഏറെ അനുയോജ്യമാകുന്നു.ഇവിടെ അമ്യൂസ്മെന്‍റ് പാര്‍ക്കുകളോ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനശാലകളോ കാണാനാകില്ല. ഇവിടെ പ്രശാന്തതയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കുകയോ അറബിക്കടലിലെ തണുത്ത ജലത്തില്‍ നീന്തുകയോ കാറ്റാടി മരത്തണലില്‍ ഇരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയോ ചെയ്യാം.
സൂചന: വിസ്മയകരമാണ് ഇവിടത്തെ സൂര്യാസ്തമയ കാഴ്ചകള്‍ എന്നതിനാല്‍,നിങ്ങളുടെ യാത്ര അതിനനുസരിച്ച് ആസൂത്രണം ചെയ്യുക.
ദിയുവിലെ ഏറ്റവും മികച്ച ബീച്ചുകള്‍
നാഗാവ് ബീച്ച്
ദിയുവിലെ ഈ കൊച്ചു മുക്കുവഗ്രാമംഅവിസ്മരണീയമായ ബീച്ച് അനുഭവമാണ് നല്‍കുന്നത്. കുതിരയുടെ ആകൃതിയിലുള്ള നഗോവ ബീച്ച് വിനോദസഞ്ചാരികളുടെ ഒരു മുഖ്യ ആകര്‍ഷണമാകുന്നു. ബനാന ബോട്ട് യാത്ര, പാരാസെയ്‍ലിംഗ്, സ്കൈയിംഗ്,സര്‍ഫിംഗ് തുടങ്ങി ജലകേളികളുടെ വൈവിധ്യത മുഴുവന്‍ ഇവിടെ ആസ്വദിക്കാം. അവിടവിടെ ഇളനീര്‍, കോണ്‍ വില്‍പനക്കാര്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള നഗോവ ബീച്ച് ദിയുവില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാന ഇടങ്ങളില്‍ ഒന്നാണ്.
സൂചന: നഗോവ എന്നാല്‍ “പുതിയ ഗോവ”. കോളനി ഭരണകാലത്ത് പല ഗോവന്‍ കുടുംബങ്ങളും ഈ ബീച്ചിനുസമീപത്തായി താമസമുറപ്പിച്ചു.
ചക്രതീര്‍ത്ഥ് ബീച്ച്
ഏതാണ്ട് ദിയുവിന്‍റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ചക്രതീര്‍ത്ഥ് ബീച്ച് ഏകാന്തത തേടുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്.പാറക്കെട്ടുകള്‍ ചിതറിക്കിടക്കുന്ന ഈ പ്രശാന്തമായ കടല്‍ത്തീരം ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയതുതന്നെ.ദിയുവിലെ സണ്‍സെറ്റ് പോയന്‍റ് ആയ ഈ ബീച്ച് നല്‍കുന്ന സൂര്യാസ്തമയ കാഴ്ച ഒരിക്കലും നഷ്ടപ്പെടുത്തരുത്.
സൂചന: ഈ ബീച്ചിന് ചക്രതീര്‍ത്ഥ് ബീച്ച് എന്ന് പേര്‍ ലഭിച്ചത് തൊട്ടടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്.പുരാണവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഇത്.
ഗോഘ്‍ലാ ബീച്ച്
ദിയുവില്‍നിന്നും ഏകദേശം 15 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഗോഘ്‍ലാ ബീച്ച് പ്രശാന്തരമണീയവും ഉന്മേഷദായകവുമാണ്.നഗോവ ബീച്ചുപോലെ അത്ര തിരക്കില്ലാത്തതാണെങ്കിലും ഇവിടേയും ചില വാട്ടര്‍സ്പോര്‍ട്ട്സ് സൗകര്യങ്ങളുണ്ട്.കുട്ടികളോടൊപ്പം നീന്തലും മറ്റുമായി സമയം ചെലവിടാന്‍ അനുയോജ്യമാണ് ഈ കടല്‍ത്തീരം. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ജലോപരിതലത്തില്‍ തെന്നിനീങ്ങുന്ന ഏതാനും ഡോള്‍ഫിനുകളേയും നിങ്ങള്‍ക്ക് കാണാം.
സൂചന: വിവാഹപൂര്‍വ ഫോട്ടോഷൂട്ടിന് പേരുകേട്ട സ്ഥലമായിത്തീര്‍ന്നിരിക്കുന്നു ഇപ്പോള്‍ ഈ ബീച്ച്.
ജലന്ധര്‍ ബീച്ച്
ചിത്രത്തില്‍ വരച്ചുവെച്ച ഒരു കടല്‍ത്തീര കാഴ്ചപോലെ മനോഹരമാണ് കേരവൃക്ഷങ്ങള്‍ നിരന്നുനില്‍ക്കുന്ന ജലന്ധര്‍ ബീച്ച്. ആള്‍ക്കൂട്ടമില്ലാത്ത, പ്രശാന്തവും പ്രകൃതി സുന്ദരവുമായ ഈ കടല്‍തീരത്തിലിരുന്ന് തെങ്ങോലകളുടെ നിഴല്‍പ്പാടുകളിലൂടെ ചക്രവാളത്തെ വീക്ഷിക്കുന്നതുതന്നെ ഒരു അപൂര്‍വാനുഭൂതിയാണ്.
സൂചന: പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ജലന്ധരന്‍ എന്ന അസുരന്‍റെ പേരുമായി ബന്ധപ്പെട്ടാണ് ഈ കടല്‍ത്തീരത്തിന് ഈ പേര്‍ ലഭിച്ചത്. ഈ അസുരനെ ശ്രീകൃഷ്ണന്‍ വധിച്ചു എന്നാണ് കഥ.
അപ്പോള്‍ ദാമന്‍, ദിയൂ കടല്‍ത്തീരങ്ങളിലെ ഉപ്പുരസം പുരണ്ട കാറ്റിന്‍റെ ശീതളസപ്ര്‍ശമേല്‍ക്കാന്‍ പുറപ്പെടുകയല്ലേ?