ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഓരോ കോച്ചിലുമുള്ള, അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ചെയിനുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ചെയിന്‍ വലിക്കല്‍ സംബന്ധിച്ച, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപറ്റി ഒരു പക്ഷേ നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാവില്ല.ചെയിന്‍ വലിക്കല്‍ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും താഴെ വായിക്കുക.
ആരെങ്കിലും ചെയിന്‍ വലിയ്ക്കുമ്പോള്‍ ട്രെയിന്‍ നില്‍ക്കുന്നതെങ്ങിനെ?
അലാം ചെയിന്‍ ട്രെയിന്‍റെ പ്രധാന ബ്രേക്ക് പൈപ്പുമായി ബന്ധിച്ചിരിക്കുന്നു.ഈ ബ്രേക്ക് പൈപ്പ് ഒരു നിരന്തര വായുമര്‍ദ്ദം നിലനിര്‍ത്തുന്നതാണ് ട്രെയിനിനെ സുഗമമായി മുന്നോട്ട് നീങ്ങാന്‍ സഹായിക്കുന്നത്. അടിയന്തിര പ്രയോഗത്തിനുള്ള ചെയിന്‍ വലിക്കുമ്പോള്‍ ഈ ബ്രേക്ക് പൈപ്പില്‍ സംഭരിച്ചിട്ടുള്ള വായു ഒരു ചെറിയ ദ്വാരത്തിലൂടെ പുറത്ത് പോകുന്നു. വായുമര്‍ദ്ദം കുറയുന്നത് ട്രെയിന്‍ വേഗത കുറയാന്‍ കാരണമാകുന്നു.ലോക്കോ പൈലറ്റ് ഈ വായുമര്‍ദ്ദ വ്യത്യാസം ഉടന്‍ മനസിലാക്കുകയും അതനുസരിച്ച് ട്രെയിന്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.വീതികുറഞ്ഞ പാളങ്ങളിലൂടെയാണ് ട്രെയിന്‍ ഓടുന്നത് എന്നതിനാല്‍ അത് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചാല്‍ സന്തുലനം നഷ്ടപ്പെടുകയും ട്രെയിന്‍ പാളം തെറ്റാന്‍ ഇടയാകുകയും ചെയ്യും.
ആരാണ് ചെയിന്‍ വലിച്ചതെന്ന് ആര്‍പിഎഫ് എങ്ങിനെ മനസിലാക്കും?
ഓരോ കോച്ചുകളിലും ഘടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി ഫ്ലാഷറുകള്‍ അടിയന്തിര പ്രയോഗത്തിനുള്ള ചെയിന്‍ വലിക്കപ്പെടുന്നതോടെ ആക്റ്റിവേറ്റ് ആകുന്നു. ഗാര്‍ഡ്, അസിസ്റ്റന്‍റ് ഡ്രൈവര്‍,ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചെയിന്‍ വലിക്കപ്പെട്ട സ്ഥാനത്ത് എത്തുകയും അത് കായികമായി വീണ്ടും സെറ്റ് ചെയ്യുകയും ചെയ്യുന്നതുവരെ ലോക്കോമോട്ടീവ് പൈലറ്റിന്‍റെ കണ്‍ട്രോള്‍സില്‍ ഒരു ബള്‍ബ് മിന്നി പ്രകാശിക്കുകയും ഒരു മൂളല്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ആരാണ് ചെയിന്‍ വലിച്ചതെന്ന് കണ്ടെത്താന്‍ ആര്‍പിഎഫ് ആ കോച്ചിലെ യാത്രക്കാരെ ചോദ്യം ചെയ്യുന്നു.
ചെയിന്‍ വലിക്കലിനുള്ള ശിക്ഷ എന്താണ്?
സാധൂകരിക്കാവുന്ന കാരണമില്ലാതെ ചെയിന്‍ വലിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ ആക്റ്റ്, വകുപ്പ് 141 അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ ആക്റ്റ് പ്രകാരം ഒരു യാത്രക്കാരന്‍ ” മതിയായ കാരണമില്ലാതെ ട്രെയിന്‍റെ ചുമതലയുള്ള റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ ഇടപെടുന്നത് കുറ്റകരമാണ്.” കുറ്റം തെളിയിക്കപ്പെട്ടാല്‍ ആ വ്യക്തിക്ക് ഒരു വര്‍ഷം തടവോ 1,000 രൂപവരെ പിഴയോ ശിക്ഷ ലഭിക്കാം.
ചെയിന്‍ വലിക്കാന്‍ സ്വീകാര്യമായ സാഹചര്യങ്ങള്‍ ഏതെല്ലാം?
ട്രെയിനില്‍ ചെയിന്‍ വലിക്കാന്‍ സ്വീകാര്യമായ സാഹചര്യങ്ങളില്‍ ചിലത് ഇവയാണ്: ഒരു സഹയാത്രികന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് താഴെ വീഴുന്നു, ട്രെയിനില്‍ അഗ്നിബാധ ഉണ്ടാകുന്നു, കുടുംബാംഗങ്ങള്‍ വണ്ടിയില്‍ കയറാനാകാതെ സ്റ്റേഷനില്‍ കുടുങ്ങിപ്പോകുന്നു, വണ്ടി നിര്‍ത്തുന്ന സമയം വേണ്ടത്രയില്ലാത്ത ഒരു സ്റ്റേഷനില്‍ പ്രായമായ അല്ലെങ്കില്‍ ഭിന്നശേഷിക്കാരനായ ഒരാളുമായി വണ്ടിയില്‍ കയറല്‍, അടിയന്തിര ചികിത്സാ ആവശ്യം, കവര്‍ച്ചപോലുള്ള അടിയന്തിര സുരക്ഷാസാഹചര്യം.
ചെയിന്‍ വലിക്കല്‍ ടെയിനിന് എന്തെങ്കിലും ഭൗതികമായ തകരാറ് സംഭവിക്കാന്‍ കാരണമാകുമോ?
വളരെ കൂടിയ വേഗതയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചെയിന്‍ വലിക്കുന്നത് വണ്ടി പാളം തെറ്റാന്‍ ഏറെ സാധ്യത നല്‍കുന്നു. മാത്രമല്ല, ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍( ചെയിന്‍ വലിക്കല്‍മൂലം) തുടര്‍ച്ചയായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാകാം.നിങ്ങള്‍ യാത്ര ചെയ്യുന്ന ട്രെയിനിന് കാലതാമസം ഉണ്ടാക്കുന്നതുകൂടാതെ, അതേ ലൈനിലോടുന്ന മറ്റ് ട്രെയിനുകളേയും അത് വൈകിയ്ക്കുന്നു.