പോര്‍ട്ട് ബ്ലെയര്‍- വിസ്മയക്കാഴ്ചകള്‍ ഇവിടെ തുടങ്ങുന്നു

0
2492
Malayalam Travel Blog

നിങ്ങളുടെ അന്തമാന്‍ സന്ദര്‍ശനത്തിലെ ആദ്യ സ്റ്റോപ് ആണ് പോര്‍ട്ട് ബ്ലെയര്‍. ഇവിടത്തെ മനോഹരമായ കടല്‍ത്തീരം നിങ്ങള്‍ ഇഷ്ടപ്പെടുമെങ്കിലും ഈ ദ്വീപ് സമൂഹത്തിലെ മറ്റിടങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്ന സൗന്ദര്യത്തിന്‍റെ പകുതിപോലുമാകുന്നില്ല ഇത്.ഇവിടെത്തെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവുമായുള്ള ഒരു മുഖാമുഖദര്‍ശനം തന്നെയാണ്. അതിനാല്‍ അവസാന നിമിഷത്തിലെ അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഈ ചരിത്രസ്മാരകം സന്ദര്‍ശിക്കുന്നതിനുള്ള പ്രവേശന ടിക്കറ്റ് നേരത്തെതന്നെ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുക.പോര്‍ട്ട് ബ്ലെയറില്‍ സന്ദര്‍ശനം ഒഴിവാക്കാനാവാത്ത മറ്റ് രണ്ട് സ്ഥലങ്ങളാണ് രാജീവ് ഗാന്ധി വാട്ടര്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ്, നോര്‍ത്ത് ബേ ബീച്ച് എന്നിവ.

ഹാവ്‍ലോക്ക്, മറ്റൊരു ഗോവ

Malayalam Travel Blog

അത്യാകര്‍ഷകവും എന്നാല്‍ സന്ദര്‍ശകരുടെ പാദസ്പര്‍ശം അധികമൊന്നും ഏല്‍ക്കാത്തതുമായ ഹാവ്‍ലോക്ക് ദ്വീപിന് ഇപ്പോള്‍ ക്രമേണ ഇന്ത്യക്കാരും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറിവരികയാണ്. ഇവിടത്തെ, സൗന്ദര്യം ഉടലെടുത്തപോലുള്ള രാധാനഗര്‍ ബീച്ച് ഏഷ്യയിലെതന്നെ ഏറ്റവും ശുചിത്വമുള്ള കടല്‍ത്തീരമാകുന്നു. സായാഹ്നം ചെലവിടാനെത്തുന്ന സഞ്ചാരികള്‍ക്ക് ഈ അനന്തമായി നീണ്ടുപോകുന്ന ശുചിത്വമാര്‍ന്ന മണല്‍ പരപ്പും സ്ഫടികസമാനമായ ജലവും തികച്ചും നവോന്മേഷദായകം തന്നെ.

ഹാവ്‍ലോക്കിലെ മറ്റ് കടല്‍ത്തീരങ്ങളാണ് എലിഫന്‍റ് ബീച്ച്, കാലാപഥര്‍ ബീച്ച് എന്നിവ.വളരെ പ്രശാന്തമായ ഒരു കൊച്ചുഗ്രാമത്തിനോട് ചേര്‍ന്നാണ് കാലാപഥര്‍ ബീച്ച് സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ ഇവിടെ എത്തുന്നത് പ്രധാനമായും സ്നോര്‍കെല്ലിംഗിനും സ്കൂബ ഡൈവിംഗിനും വേണ്ടിയാണ്. ഹാവ്‍ലോക്കിനെ എനിക്ക് പ്രിയങ്കരമാക്കിയ മറ്റൊരു കാര്യം പ്രശാന്തസുന്ദരമായ സമീപ്രദേശങ്ങളിലെ ഹരിതാഭമായ മൈതാനങ്ങളിലൂടെ മുഖത്ത് ശുദ്ധവായുവിന്‍റെ തഴുകലേറ്റുകൊണ്ട് സ്കൂട്ടി ഓടിച്ച് വിഹരിക്കാം എന്നതാണ്. ഇതെല്ലാം ഹാവ്‍ലോക്കിനെ മറ്റൊരു ഗോവയാക്കി മാറ്റുന്നു

റോസ് ദീപ്,നിറം മങ്ങാത്ത ഭൂതകാല സൗന്ദര്യം

റോസ് ദീപിലേക്കുള്ള സവാരി ശരിക്കും നമ്മള്‍ ഫോട്ടോകളില്‍ കണ്ടതുപോലെ ഉദ്വേഗജനകമാണ്. വെളുത്ത മേഘശകലങ്ങള്‍ ചിതറിക്കിടക്കുന്ന നീലാകാശവും നിരനിരയായി തലയാട്ടിനില്‍ക്കുന്ന തെങ്ങുകളും.നിങ്ങളുടെ സ്നാപ്‍ഷോട്ടുകള്‍ മനോഹരമാക്കാന്‍ ഒരു ഫില്‍റ്ററിന്‍റെ ആവശ്യമേയില്ല. ശരിക്കും പിക്ച്ചര്‍ പെര്‍ഫെക്ട്. ഈ ദ്വീപില്‍ കാലുകുത്തുന്നതും ഓരോ കാഴ്ചകളും കൊളോണിയല്‍ ഭൂതകാലത്തിന്‍റെ ഓര്‍മപ്പെടുത്തലുകളാണ്. പുതുതായി പെയ്‍ന്‍റ് ചെയ്യപ്പെട്ട, ഉയര്‍ന്നുനില്‍ക്കുന്ന ബങ്കര്‍.കൂടുതല്‍ മുന്നോട്ടുചെല്ലുമ്പോള്‍ ബ്രിട്ടീഷുകാര്‍ ജീവിതം എങ്ങിനെയാണ് അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിച്ചിരുന്നത് എന്ന് നിങ്ങള്‍ക്ക് ബോധ്യമാകും. ബേക്കറി, നീന്തല്‍ക്കുളം,പുരാതനമായ പള്ളിയുടെ അവശിഷ്ടങ്ങള്‍എല്ലാം ഭൂതകാലത്തിന്‍റെ സൗന്ദര്യം വിളിച്ചോതുന്നു.

ബറാടങ്ചുണ്ണാമ്പുകല്‍ ഗുഹകളും കണ്ടല്‍ക്കാടുകളും

കമനീയവും ഊഷ്മളവുമായ അനുഭൂതിയാണ് ബറാടങ് നിങ്ങള്‍ക്ക് പകര്‍ന്നുനല്‍കുക.ജനങ്ങള്‍ പല ജോലികളില്‍ വ്യാപൃതരായിരിക്കുന്നു.ചിലര്‍ ഇളനീര്‍ വില്‍ക്കുന്നു; മറ്റുചിലര്‍ ഗ്രാമത്തിലൂടെ ഒരു സവാരിക്ക് നിങ്ങളെ ക്ഷണിക്കുന്നു. സ്പീഡ്‍ബോട്ടിലൂടെയുള്ള സാഹസിക യാത്ര നമ്മെ ചുണ്ണാമ്പുകല്‍ ഗുഹകളുടേയും കണ്ടല്‍ക്കാടുനിറഞ്ഞ കടലിടുക്കുകളിലൂടേയും കൊണ്ടുപോകുന്നു. 30 മിനിറ്റ് സവാരിയുടെ ഏറ്റവും മികച്ച ഭാഗം ഇതാണ്. ഇരുണ്ട് മനോഹരമായ ഗുഹകളിലൂടെയുള്ള സവാരി തികച്ചും ഉന്മേഷപ്രദമാണ്.

സാഹസിക വിനോദങ്ങളുടെ അനന്തസാധ്യതകള്‍

Adventure at Andmaan

അന്തമാന്‍റെ അപരനാമം തന്നെയാണ് സാഹസികവിനോദം എന്ന് പറയാം. പോര്‍ട്ട് ബ്ലെയറിലും മിക്കവാറും മറ്റെല്ലാ ദ്വീപുകളിലും വാട്ടര്‍സ്പോര്‍ട്ട്സ് സൗകര്യങ്ങളുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് പറഞ്ഞാല്‍മതി, അത് ഉടന്‍ റെഡി.കടലാമകളോടൊപ്പം ഒരു നീന്തല്‍, പവിഴപ്പുറ്റുകളെ തഴുകിയൊരു ജലയാത്ര, കണ്ടാല്‍ അറപ്പുതോന്നിക്കുന്ന കടല്‍വെള്ളരിക്കകളെ ഒന്ന് തൊട്ടുനോക്കല്‍, മുങ്ങിക്കപ്പലിന്‍റെ ജാലകത്തിലൂടെ വര്‍ണപ്പകിട്ടാര്‍ന്ന മത്സ്യങ്ങളെ നിരീക്ഷിക്കല്‍അനന്തമായ അനുഭൂതികള്‍ പകരുന്ന അനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പോര്‍ട്ട് ബ്ലെയറിലെ ജോളി ബോയിലും പരിശീലനം നേടിയ ഗൈഡുകള്‍ക്കൊപ്പം സ്നോര്‍ക്കെല്ലിംഗും സ്കൂബ ഡൈവിംഗും ചെയ്യാം. അതിനാല്‍ മടക്കയാത്രയ്ക്ക് വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിനുമുമ്പ് (ഞാന്‍ ചെയ്തപോലെ) ഒരു അവസാന റൗണ്ട് വാട്ടര്‍സ്പോര്‍ട്ട്സുകൂടി ആസ്വദിക്കാന്‍ മറക്കേണ്ട.