ട്രാന്‍ക്യൂബറില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
നിങ്ങള്‍ക്കറിയാമോ, തമിഴ്‍നാടിന്‍റെ തീരപ്രദേശത്ത് അത്രയൊന്നും അറിയപ്പെടാത്ത , ഒരിക്കല്‍ ഡച്ച് അധീനതയിലായിരുന്നഒരു പട്ടണമുണ്ട്. ഈസ്റ്റ്‍വൈല്‍ ട്രാന്ക്യൂബര്‍, ഇന്ന് തരകംപാടി എന്നപേരിലറിയപ്പെടുന്ന ഈ പ്രദേശം 150 വര്‍ഷങ്ങളായി ഡച്ച് അധീനഥയിലായിരുന്നു. 16-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡച്ചുകാര്‍ക്ക് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുമായും ഇന്നത്തെ ശ്രീലങ്കയുമായും ശക്തമായ വാണിജ്യബന്ധമുണ്ടായിരുന്നു. തഴച്ചുവളര്‍ന്ന ഇവരുടെ കച്ചവടബന്ധങ്ങള്‍ക്ക് മറ്റ് കൊളോണിയല്‍ ശക്തികള്‍ വിഘാതമായിരുന്നുവെങ്കിലും, തങ്ങളുടെ കച്ചവടം ഏകീകരിക്കുന്നതിനായി കടലോര പട്ടണത്തില്‍ ഒരു ഡാനിഷ്കുടിയേറ്റപ്രദേശം ഒരുക്കിയെടുക്കാന്‍ അനുവാദം ചോദിച്ച്ഡാനിഷ് ജനറല്‍ ഓവ് ജെഡേ തഞ്ചാവൂര്‍ നായ്‍ക്കര്‍ രാജവംശത്തിലെ രാജാവിനെ സമീപിച്ചു. രാജാവിന്‍റെ അനുവാദത്തോടെ അവര്‍ ഡാനിഷ് കുടിയേറ്റ പട്ടണംആയ ട്രാന്‌ക്യൂബര്‍ നിര്‍മ്മിച്ചു. ആലസ്യത്തിലാണ്ടുകിടക്കുന്ന ഈ കൊച്ചു മീന്‍പിടുത്തഗ്രാമം, സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ ഡാനിഷ് അനുഭവം നല്‍കിക്കൊണ്ട് ഇപ്പോള്‍ തമിഴ് നാട് വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു
ട്രാന്‍ക്യൂബര്‍ പട്ടണപ്രവേശന കവാടം .
ട്രാന്‍ക്യൂബര്‍ പട്ടണം സ്ഥിതിചെയ്യുന്നത് രാജപാതയിലാണ്, തരകംപാടിയിലെ പ്രധാന നിരത്തും ഇതുതന്നെയാണ്. ട്രാന്‍ക്യൂബറിന്‍റെ പടിവതില്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ പ്രവേശന കവാടം തന്നെയാണ് വര്‍ഷങ്ങളായി ഈ പട്ടണത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയും. പ്രധാന പടിവാതില്‍ ഡാനിഷ് ഭരണാധികാരികള്‍ നിര്‍മ്മിച്ചതായിരുന്നു , എന്നാല്‍ പിന്നീടത് തകര്‍ക്കപ്പെട്ടു. ഇപ്പോഴുള്ള പടിവാതില്‍ ഡാനിഷ് വാസ്തുശില്പ മാതൃകയില്‍ തന്നെ നിര്‍മ്മിച്ചിട്ടുള്ളതാണ്. വെളുത്ത ഗേറ്റിനുമുകളിലായി “ ഇത് 1792-ല്‍ നിര്‍മ്മിച്ചത്” എന്നര്‍ത്ഥമാക്കുന്ന “അന്നോ 1792” എന്നാലേഖനം ചെയ്തിരിക്കുന്നു.
ഡാന്‍സ്‍ബര്‍ഗ് കോട്ട
ട്രാന്‍ക്യൂബറിലെ ഡാനിഷ് ഭരണം തുടങ്ങിയത് ഇവിടെയാണ്. ഫോര്‍ട്ട് ഡാന്‍സ്‍ബര്‍ഗ് അല്ലെങ്കില്‍ നാട്ടുകാര്‍ വിളിക്കുന്നതുപോലെഡാന്‍സ്‍ബര്‍ഗ് കോട്ട നിര്‍മ്മിച്ചത് 1620-ല് ആണ്. മനോഹരമായ കടല്‍ കാഴ്ച നല്‍കുന്ന ഈ കോട്ട സ്ഥിതിചെയ്യുന്നത് ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്താണ്. തൂണുകളോടുകൂടിയ ഘടനയും ഉയര്‍ന്ന മേല്‍ക്കൂരയും ഉള്ള സവിശേഷമായ വാസ്തുശില്പമാതൃകയിലാണ് ഈ ഫോര്‍ട്ടിന്‍റെ നിര്‍മ്മാണം. ഈ കോട്ടയ്ക്ക് രണ്ട് നിലകളുണ്ട്, എങ്കിലും ഫോര്‍ട്ട് ഡാന്‍സ്ബര്‍ഗിലെ മിക്കവാറും എല്ലാ മുറികളും പൂട്ടിയ നിലയിലാണ്. കടലിലേക്ക് തിരിച്ചുവെച്ച നിലയിലുള്ള ഒരു പീരങ്കി ഇന്നും നിങ്ങള്‍ക്കവിടെ കാണാം. ട്രാന്‍ക്യൂബറിലെ ഡാനിഷ് ഭരണ കാലത്തെ പുനര്‍ജ്ജനിപ്പിക്കുന്ന ഈ കോട്ട തീര്‍ച്ചയായും കാണേണ്ടതുതന്നെയാണ്. അതുപോലെ, ട്രാന്‍ക്യൂബറിന്‍റെ ഡാനിഷ് ചരിത്രത്തെ വിളിച്ചോതുന്ന ഒട്ടേറെ പൗരാണികവസ്തുക്കള്‍ നിറഞ്ഞ ഡാനിഷ് മ്യൂസിയവും സന്ദര്‍ശിക്കേണ്ടതാണ്.
ന്യൂ ജെറുസലേം പള്ളി,
വാസ്തുശിലപചാരുതയുടെ ഉജ്ജ്വലമാതൃകയാണ് രാജപാതയില്‍ സ്ഥിതിചെയ്യുന്ന ന്യൂ ജറുസലേം പള്ളി. ജറുസലേം പള്ളി എന്ന പേരില്‍ 1707-ല്‍ ഒരു ഡാനിഷ് പാതിരിയാണ് ആദ്യത്തെ പള്ളിമേട സ്ഥാപിച്ചത്. എന്നാല്‍ 1715 –ല്‍ ഉണ്ടായ അതിതീവ്രമായ സുനാമിയില്‍ ആ പള്ളി തകര്‍ന്നുപോയി. അതിനാല്‍ കൂടുതല്‍ ഉറപ്പും സ്ഥലസൗകര്യവും ഉള്ള മികച്ച വാസ്തുശിലപ ചാരുതയോടെ ന്യൂ ജറുസലേം പള്ളി നിര്‍മ്മിക്കുകയായിരുന്നു. ഇന്ത്യന്‍ -ഡാനിഷ് വാസ്തുശില്‍പ ചാരുതയുടെ സവിശേഷമായ കൂടിച്ചേരലാണ് ഈ വെളുത്ത കെട്ടിടം.
ട്രാന്‍ക്യൂബര്‍ മാരിടൈം മ്യൂസിയം.
മികച്ച നാവികര്‍ എന്നപേരിലാണ് ഡാനിഷുകള്‍ അറിയപ്പെടുന്നത്. അതിനാല്‍ ഈ മ്യൂസിയത്തിലും അവരുടേതായ ചില ഉപകരണങ്ങള്‍ അതായത്, പഴയ ഡാനിഷ് ബോട്ടുകള്‍, മീന്‍പിടുത്ത ബോട്ടുകള് മുതല്‍ ട്രാന്‍ക്യൂബറിന്‍റെ പഴയകാല മാപ്പുകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമുദ്രസംബന്ധിയായ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വലിയ ശേഖരത്തിനുപുറമെ 2004 ലെ സുനാമി ട്രാന്‍ക്യൂബറിനെ എങ്ങനെ ബാധിച്ചു എന്ന് പ്രതിഫലിപ്പിക്കുന്ന ഒരു ഫോട്ടോ-വീഡിയോ ഷോയും ഇവിടെ ഒരുക്കിയിട്ടുണ്ട്മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ് –ഇന്ത്യക്കാര്‍ക്ക് Rs-5.
ട്രാന്‍ക്യൂബര്‍ ബീച്ച്
ഇന്ത്യയിലെ ഏറ്റവും കാല്‍പനികമായ ബീച്ചുകളിലൊന്ന്, ഇണയുടെ കൈകോര്‍ത്തുപിടിച്ച് ഈ ബീച്ചില്‍ അങ്ങോളമിങ്ങോളം മന്ദമന്ദം ഉലാത്തുവാന്‍ ആരും കൊതിച്ചുപോകും. കാറ്റാടിമരങ്ങളാല്‍ മോടിപിടിപ്പിച്ച വെടിപ്പും വൃത്തിയുമുള്ള ബീച്ചാണിത്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ ഏറെ വശ്യമായ ഒരു കാഴച ഇത് നിങ്ങള്‍ക്കേകുന്നു. ട്രാന്‍ക്യൂബര്‍ ബീച്ചിന് താരശോഭയേകുന്ന മറ്റൊരാകര്‍ഷണമാണ് ഇപ്പോള്‍ ഹെറിറ്റേജ് ഹോട്ടലായി മുഖം മിനുക്കിയിരിക്കുന്ന പുരാതനമായ ഡാനിഷ് നോബ്‍ള്‍മാന്‍റെ ബങ്ക്ളാവ്‍.
ട്രാന്‍ക്യൂബര്‍ അഥവാ തരകംപാടി, നിങ്ങള്‍ക്കെങ്ങിനേയും വിളിക്കാം, ഇന്ത്യാചരിത്രത്തിലെ സവിശേഷമായ ഒരേടിന്‍റെ ഓര്‍മ്മകളാണ് ഇവിടെ പരിരക്ഷിച്ചിരിക്കുന്നത്. ചെന്നൈയുടെ ആള്‍ക്കൂട്ടത്തിരക്കില്‍നിന്നും ഏറെ അകന്ന എന്നാല്‍ പോണ്ടിച്ചേരിയില്‍നിന്നും അധികം അകലെയല്ലാത്ത തരകംപാടി തമിഴ്നാട് വിനോദസഞ്ചാരഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരാകര്‍ഷണമാണ്.