സുഖ്‌ന തടാകം: അധികം സഞ്ചരിക്കാത്ത പാത

0
1245

ശിവാലിക് കുന്നുകള്‍ പശ്ചാത്തലമായ സുഖ്‌ന തടാകം ചണ്ഡീഗഢിലെ ഏറ്റവും പ്രശാന്ത സുന്ദരമായ പ്രദേശമാണ്. നഗരത്തിന്റെ തിക്കിലും തിരക്കിലും നിന്ന് ആശ്വാസം തേടിയാണ് ജനം ഇവിടെയെത്തുന്നത്. വാടകയ്‌ക്കെടുക്കുന്ന ബോട്ടില്‍ വെറുതെ അലസമായിരുന്ന്, ശാന്തമായ നീലാകാശത്തിന് കീഴില്‍ ഒഴുകി നീങ്ങി വിശ്രമിക്കാം.

തടാകത്തിന് പിന്നിലെ പാത

Back Road from Sukhna Lake
ഗോള്‍ഫ് കോഴ്‌സിലേക്കുള്ള സമാന്തപാതയിലൂടെ തടാകത്തിന്റെ പിന്നിലേക്ക് 3.5 കിലോമീറ്റര്‍ സഞ്ചരിക്കാം. നഗരത്തിന്റെ തിരക്കില്‍ നിന്നും ശബ്ദത്തില്‍ നിന്നും വേറിട്ട അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. തടാകത്തിന് പിന്നില്‍ ബുദ്ധപ്രതിമയുടെ സാന്നിധ്യമുള്ള, ഗാര്‍ഡന്‍ ഓഫ് സൈലന്‍സ് എന്നറിയപ്പെടുന്ന ധ്യാനകേന്ദ്രമാണ് നിങ്ങളെ സ്വീകരിക്കുക. നിശബ്ദതയുടെ സംഗീതം ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടം.

സ്വര്‍ഗീയ നിശബ്ദത

Budhha in Sukhna Lake
സുഖ്‌ന തടാകത്തിന്റെ പ്രധാന തീരത്ത് എപ്പോഴും തിരക്കാണ്. കുട്ടികളുടെ സവാരികള്‍, ഭക്ഷണശാലകള്‍, സ്‌കെച്ചിങ് സ്റ്റാളുകള്‍ തുടങ്ങിയവ. പിന്‍ഭാഗമാകട്ടെ ശാന്തവും ദിവസം മുഴുവന്‍ തുറന്നിരിക്കുന്നതുമാണ്. തടാകത്തിന്റെ ഈ ഭാഗത്തേക്ക് പുലര്‍ച്ചെയുള്ള നടത്തം ഹില്‍ സ്റ്റേഷനിലേതിന് സമാനമായ അനുഭവമാണ് നിങ്ങള്‍ക്ക് സമ്മാനിക്കുക. ഗൗതമബുദ്ധന്റെ മനോഹരശില്‍പ്പം കലാവിരുതിന്റെ നിദര്‍ശനമാണ്. മനോഹരമായി രൂപകല്‍പ്പന ചെയ്ത, മങ്ങിയ പ്രകാശം വിതറുന്ന ഈ ഭാഗം രാത്രിയില്‍ പ്രത്യേകിച്ചും കൂടുതല്‍ ആകര്‍ഷകം തന്നെ. തടാകം ഈ ഭാഗത്തും അതേപോലെ സാന്ത്വനമേകുന്നു. ദേശാടനപക്ഷികളായ സൈബീരിയന്‍ താറാവ്, കൊക്കുകള്‍ തുടങ്ങിയവയെ മഞ്ഞുകാലത്ത് ഇവിടെക്കാണാം.

ഹരിതാഭയ്ക്ക് നടുവില്‍

Sukhna Wildlife Sanctuary
തടാകത്തിന്റെ വടക്കു കിഴക്കന്‍ ഭാഗത്താണ് സുഖ്‌ന വന്യജീവി കേന്ദ്രമെന്ന് അറിയപ്പെടുന്ന വനം. മാന്‍, മുയല്‍, മുള്ളന്‍പന്നി, വെരുക് തുടങ്ങി വൈവിധ്യമാര്‍ന്ന മൃഗങ്ങളെ ഇവിടെക്കാണാം. പക്ഷിസ്‌നേഹികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് 150ലേറെ ഇനങ്ങളിലുള്ള പക്ഷികള്‍ വേറെയും. ചണ്ഡീഗഡിലെ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെയാണ് ഇവിടം സന്ദര്‍ശിക്കാനാകുക.

സുഖ്‌നയിലെ മറ്റ് ആകര്‍ഷണങ്ങള്‍
· റോക്ക് ഗാര്‍ഡന്‍
· ഓപ്പണ്‍ ഹാന്‍ഡ് മോന്യുമെന്റ്
· ചണ്ഡീഗഢ് ഗോള്‍ഫ് ക്ലബ്ബ്

 

Originally written by Saniya Pasricha. Read here.