കിബര്‍: സ്പിതി താഴ്‌വരയുടെ അമൂല്യരത്‌നം

0
93

വളഞ്ഞുപുളഞ്ഞ വഴികളും ഇടവിട്ടുള്ള പച്ചപ്പും നിറഞ്ഞ വിശാലമായ കാഴ്ചകളാണ് സ്പിതി താഴ്‌വരയില്‍ നിങ്ങളെ സ്വാഗതം ചെയ്യുക. സമുദ്ര നിരപ്പില്‍ നിന്ന് 12,500 അടി ഉയരത്തിലുള്ള പ്രദേശങ്ങളും തടാകങ്ങളും മഞ്ഞുപാളികളും കുന്നിന്‍ മുകളിലെ സന്യാസി മഠങ്ങളും നിറഞ്ഞ പ്രദേശമാണിത്. നിങ്ങളുടെ യാത്ര സാഹസികവും ത്രസിപ്പിക്കുന്നതുമാക്കാന്‍ മറ്റെന്താണ് വേണ്ടത്?

കാസ

Road to Spiti Valley

ദേശീയപാത 22 ലൂടെ യാത്ര ചെയ്ത് ഖാബും നാക്കോ ഗ്രാമവും കൂടിച്ചേരുന്ന സ്ഥലവും പിന്നിട്ട് കാസയിലെത്താം. നഗരം കുറെയൊക്കെ വാണിജ്യവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. വര്‍ണ്ണ മനോഹരമായ കടകളും വീടുകളും നഗരത്തിന്റെ മാറ്റു കൂട്ടുന്നു. കീ സന്യാസി മഠവും കിബര്‍ ഗ്രാമവുമടങ്ങുന്ന സമീപ പ്രദേശത്തിന്റെ ഭംഗിയും ആസ്വദിക്കാം.

കീ സന്യാസി മഠം

Key Monastery

കാസയുടെ ഭംഗി ആസ്വദിച്ചു കഴിഞ്ഞാല്‍ എച്ച്ആര്‍ടിസിയുടെ ബസില്‍ 14 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കീ സന്യാസി മഠത്തിലെത്താം. കുന്നിന്‍ മുകളിലുള്ള ആയിരം വര്‍ഷം പഴക്കമുള്ള ഈ സന്യാസി മഠത്തിലെത്താന്‍ അരമണിക്കൂറെടുക്കും. മഠത്തിന്റെ ഗേറ്റു വരെയെത്തുന്ന റോഡില്‍ നിന്ന് ദീര്‍ഘമായ കോണ്‍ക്രീറ്റ് പടികള്‍ കയറിച്ചെന്നാല്‍ സന്യാസി മഠത്തിന്റെ ഹാളിനു മുന്‍പിലെത്താം.

കിബര്‍-ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗ്രാമം

Kibber village

കീ സന്യാസി മഠത്തിലെ യാത്ര പൂര്‍ണ്ണമായാല്‍ മഠത്തിന്റെ മൈതാനത്തു നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ കിബറിലെത്താം. 4270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം റോഡ് വഴി പുറംലോകവുമായി ബന്ധിച്ചിരിക്കുന്നു.

പ്രകൃതി ഭംഗി നിറഞ്ഞ പ്രശാന്ത സുന്ദരമായ ഈ ഗ്രാമത്തില്‍ ഹോംസ്റ്റെ തിരഞ്ഞെടുത്ത് ഈ ചെറിയ ഗ്രാമത്തിലെ പ്രദേശവാസികളുടെ ജീവിതവും നേരില്‍ കാണാം. പ്രഭാതത്തില്‍ ചുറ്റിനടന്ന് കര്‍ഷകര്‍ വയലില്‍ ഉഴുകുന്നതും ഉണക്കപ്പഴങ്ങളുടെയും പഴങ്ങളുടെയും മാധുര്യവും ആസ്വദിക്കാം. സൂര്യാസ്തമയ സമയത്ത് ഗ്രാമത്തിനരികിലൂടെ ഒഴുകുന്ന സ്പിതി നദി സ്വര്‍ണ്ണ വര്‍ണ്ണമാകും.

Kibber Village

സ്പിതി എന്നാല്‍ മധ്യദേശം എന്നാണര്‍ഥം. ഇന്ത്യക്കും ടിബറ്റിനും മധ്യേയാണ് ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കിബര്‍ അടക്കമുള്ള സ്പിതിയിലെ ഗ്രാമങ്ങളില്‍ ടിബറ്റന്‍ ബുദ്ധ സംസ്‌കാരവും ജീവിത രീതിയും ഇടകലര്‍ന്നിരിക്കുന്നു. ഇവിടുത്തെ ദൈനംദിന ജീവിതത്തില്‍ ഈ രീതി രൂഢമൂലമാണ്. പ്രാദേശിക ബുദ്ധ ആഘോഷങ്ങളില്‍ പ്രദേശവാസികള്‍ ഉല്ലസിക്കുന്നതു കാണാം. പ്രാദേശിക സമൂഹത്തിലെ മൈത്രിയും സാംസ്‌കാരിക വിനിമയവും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായും ഈ ഉത്സവങ്ങള്‍ മാറുന്നു. ഫാഗ്‌ളി, ഗോച്ചി തുടങ്ങിയ പ്രാദേശിക ഉത്സവങ്ങളില്‍ വര്‍ണ്ണമനോഹരമായ വേഷവിധാനങ്ങളോടെ ആളുകള്‍ പങ്കെടുക്കുന്നു. ലഡാര്‍ച്ച, പൗരി, ഷേഷു തുടങ്ങിയ മേളകളും നടക്കും. ആഘോഷങ്ങളുടെ മാസങ്ങളായ ജൂലൈയിലും ഓഗസ്റ്റിലുമാണ് ഈ മൂന്ന് മേളകള്‍ നടക്കുന്നത്. മനോഹരമായ കുന്നിന്‍ ചരുവുകളില്‍ നടക്കുന്ന ഈ മേളകളില്‍ കുളു, ലാഹൂള്‍, കിനൂര്‍, റാംപൂര്‍, സ്പിതി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനായി എത്തും.

അടുത്ത തവണ സന്ദര്‍ശിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ ഈ ഒഴിഞ്ഞിരിക്കുന്ന മുത്തുകള്‍ നഷ്ടപ്പെടുത്താതിരിക്കുക.


Originally written by Yashpal Sharma. Read here.

LEAVE A REPLY

Please enter your comment!
Please enter your name here