ദാക്കിയ ദാക്ക് ലായ – ഇന്ത്യയുടെ അസാധാരണമായ തപാല്‍ വിശേഷം!

0
2614

സ്വാതന്ത്ര്യലബ്ധിക്കു മുന്‍പു തന്നെയുള്ള സവിശേഷമായ പോസ്റ്റല്‍ സംവിധാനങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ ശൃംഖലയുള്ള രാജ്യമാണ് നമ്മുടേത്. അഭിമാനിക്കാന്‍ ഇതു മാത്രമല്ല. ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളുടെ പ്രത്യേകതകള്‍ ഇനിയുമുണ്ട്.

  • ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസ്!

ദാല്‍ തടാകം, ജമ്മു ആന്‍ഡ് കാശ്മീര്‍

Floating Post Office - Dal Lake, Srinagar

ജമ്മു കാശ്മീരിലെ ശ്രീനഗറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പ്രകൃതി ഭംഗിക്ക് പ്രശസ്തമായ ദാല്‍ തടാകം. ഇവിടെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസ് ദാലിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ്. പൈതൃക പോസ്റ്റ് ഓഫീസായ ഈ പോസ്റ്റ് ഓഫീസ് മുന്‍പ് നെഹ്‌റു പാര്‍ക്ക് പോസ്റ്റ് ഓഫീസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 2011 ല്‍ പോസ്റ്റ് ഓഫീസിന് പുനര്‍ നാമകരണം നല്‍കി.

ഒരു വലിയ ഹൗസ്‌ബോട്ടില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസില്‍ സംസ്ഥാന തപാല്‍ വകുപ്പിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഫിലാറ്റലി മ്യൂസിയവും തപാല്‍ സ്റ്റാമ്പുകളും മറ്റു വസ്തുക്കളും വില്‍ക്കുന്ന കടയും ഉള്‍പ്പെടുന്നു. ചിത്രങ്ങളുള്ള പോസ്റ്റ് കാര്‍ഡുകള്‍, ആശംസ കാര്‍ഡുകള്‍, പ്രാദേശിക സുവനീറുകള്‍, സ്റ്റേഷനറി, കാശ്മീരിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നിവയാണ് ഇവിടെ ലഭിക്കുക.

Floating Post Office

ഈ ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസില്‍ നിന്നു പോസ്റ്റ് ചെയ്യുന്ന എല്ലാ തപാലിലും സവിശേഷമായ സീലാണ് അടിക്കുന്നത്. തീയതിക്കും വിലാസത്തിനുമൊപ്പം ദാല്‍ തടാകത്തില്‍ വഞ്ചി തുഴയുന്ന വഞ്ചിക്കാരന്റെ ചിത്രമാണ് സീലില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

  • ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോസ്റ്റ് ഓഫീസ്

ഹിക്കിം, ഹിമാചല്‍ പ്രദേശ്

Hikkim Post Office

15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിമിലെ പോസ്റ്റ് ഓഫീസാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫീസ്. 1983 നവംബര്‍ 5 ന് പ്രവര്‍ത്തനമാരംഭിച്ച ശാഖയില്‍ റിഞ്ചെന്‍ ചെറിംഗ് ആയിരുന്നു പോസ്റ്റ് മാസ്റ്റര്‍. ഹിമാചല്‍ പ്രദേശിലെ ലാഹൂള്‍-സ്പിതി ജില്ലയിലാണ് ഹിക്കിം ഗ്രാമം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വര്‍ഷത്തില്‍ ആറുമാസം പോസ്റ്റ് ഓഫീസ് അടഞ്ഞുകിടക്കും.

Hikkim Post Office

സമീപത്തെ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ വിദേശ തീര്‍ഥയാത്രയ്ക്കുള്ള പാസ്‌പോര്‍ട്ടുകള്‍ കൈപ്പറ്റുന്നതും പ്രദേശത്തെ കര്‍ഷകര്‍ തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതും ജിജ്ഞാസയുള്ള വിനോദസഞ്ചാരികള്‍ പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കുന്നതും ഇവിടെ നിന്നാണ്.

  • ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

ദക്ഷിണ്‍ ഗംഗോത്രി പിഒ, അന്റാര്‍ട്ടിക്ക

dAKSHIN-gANGOTRI-po1 (1)

തെക്കന്‍ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ പര്യവേക്ഷണ കാലത്ത് 1984 ഫെബ്രുവരി 24 നാണ് ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഐസ് മെല്‍റ്റിംഗ് പ്ലാന്റ്, ലബോറട്ടറികള്‍, ശേഖരണ, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബഹുവിധ സംവിധാനമായിരുന്നു ഇത്.

പക്ഷേ 1988 ജനുവരി 26 ന് ദക്ഷിണ്‍ ഗംഗോത്രി പിഒ ഗോവയിലെ തപാല്‍ വകുപ്പിനു കീഴില്‍ സ്ഥാപിക്കപ്പെട്ടു. ഏഴാമത് ഇന്ത്യന്‍ ശാസ്ത്ര പര്യവേക്ഷണ സംഘത്തിലെ അംഗമായിരുന്ന ശാസ്ത്രജ്ഞന്‍ ജി. സുധാകര്‍ റാവു അതിന്റെ ഹോണററി പോസ്റ്റ് മാസ്റ്ററായും നിയമിക്കപ്പെട്ടു. അതേസമയം അന്റാര്‍ട്ടിക്കയിലെ തണുപ്പില്‍ പാതി നശിച്ച ദക്ഷിണ്‍ ഗംഗോത്രി പിഒ 1990 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

Dakshin Gangotri PO

അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സ്മരണ നിലനിര്‍ത്താനായി സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.

നമ്മുടെ രാജ്യം സംസ്‌കാരങ്ങളാല്‍ സമ്പന്നമാണ്. ഓരോ മുക്കിലും മൂലയിലുമുള്ള നിരവധി അസാധാരണത്വങ്ങളും നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഉദിച്ചുയരുന്ന നക്ഷത്രം പോലെ ശോഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here